കറുത്ത കല്ല്‌


Thursday 4 August 2011

വിധിവിശ്വസത്തിന്റെ യുക്തിഭദ്രത :വിധിന്യായം 1.

 

വിധിവിശ്വാസം ഇസ്ലാമില്‍ എക്കാലവും വലിയ വിവാദങ്ങളുണ്ടാക്കിയ ഒന്നാണ്. ഒരു പാടു മഹാപണ്ഡിതന്മാര്‍ക്ക് ഇതില്‍ ആശയക്കുഴപ്പം നേരിട്ടിട്ടുമുണ്ട്. ഇസ്ലാമിക തത്വചിന്താരംഗത്ത് ഏറ്റവുമധികം വിവാദങ്ങള്‍ക്കും വ്യതിയാനങ്ങള്‍ക്കും കാരണമായ ഒന്നാണിത്. പിശാച് ദൈവത്തിന്റെ സൃഷ്ടിയല്ലെന്നും അതു മറ്റൊരു സമാന്തര ശക്തിയാണെന്നും വാദിച്ച ചിന്താശാഖകള്‍ വന്നിട്ടുണ്ട്. നന്മയും തിന്മയും ഒരേ ദൈവത്തിനു സൃഷ്ടിക്കാനാവില്ല എന്ന യുക്തിചിന്തയില്‍നിന്നാണ് ദ്വിത്വ വാദം [DUALISM] ഉടലെടുത്തത്. പൈശാചികതയും ദൈവീകതയും അഥവാ നന്മയും തിന്മയും ഒരാള്‍ തന്നെ സൃഷ്ടിച്ചു എന്ന വാദം യുക്തിക്കോ നീതിക്കോ നിരക്കുന്നതല്ല എന്നു കണ്ട ചിന്തകരാണ് ഈ വൈരുദ്ധ്യത്തില്‍ നിന്നും ദൈവത്തെയും മതത്തെയും രക്ഷിക്കാന്‍ പിശാചിന്റെ അസ്തിത്വം സ്വതന്ത്രമാണെന്നു വ്യാഖ്യാനിച്ചത്. പക്ഷെ അതുകൊണ്ടും വൈരുദ്ധ്യം പൂര്‍ണമായും ഇല്ലാതാക്കാന്‍ കഴിഞ്ഞില്ല.സര്‍വ്വശക്തനായ ദൈവത്തിനു പിശാചിനെ പൂര്‍ണമായും നശിപ്പിക്കാനോ നിയന്ത്രിക്കാനോ കഴിവില്ല എന്നു വരുന്നതും മറ്റൊരു വൈരുദ്ധ്യത്തിലേക്കു നയിക്കും. ഖദ്ര് വാദത്തെ ന്യായികരിക്കാനും വ്യാഖ്യാനിച്ചൊപ്പിക്കാനും മൌദൂദി മാത്രമല്ല ഒരു പാടു പേര്‍ ശ്രമിച്ചിട്ടുണ്ട്. നിരവധി ഗ്രന്ഥങ്ങള്‍ തന്നെ ഈ വിഷയവുമായി ബന്ധപ്പെട്ട് ലഭ്യമാണ്. അതൊക്കെ വളരെക്കാലം മുമ്പുതന്നെ വായിച്ചിട്ടുണ്ട്.

ബ്ലോഗില്‍ അറിയപ്പെടുന്നൊരു നാസ്ഥികനാണ്  ജബ്ബാര്‍ മാഷ്‌.വിധിവിശ്വസവുമായി ബന്ധപെട്ട അദ്ദേഹത്തിന്റെ പോസ്റ്റിലെ ഒരു ഭാഗമാണ് മേല്‍ ഉദ്ധരിച്ചത്.വിധിവിശ്വാസത്തിലെ സങ്കീര്‍ണ്ണത അല്ലെങ്കില്‍ എന്താണ് വിധിവിശ്വസത്തിലെ സങ്കീര്‍ണ്ണതയെന്ന് പിന്നീട് പരിശോധിക്കാവുന്നതാണ്.അതിന് മുമ്പ് വിധിവിശ്വസത്തെ സംബന്ധിച്ച മേല്‍ ഉദ്ധരിച്ച വാചകങ്ങളിലെ സങ്കീര്‍ണ്ണതയോന്നു  പരിശോധിച്ചു നോക്കാം.

വിധിവിശ്വാസത്തെ നിഷേധിക്കുന്ന അല്ലെങ്കില്‍ വിധിവിശ്വാസത്തെ ശരിയായ അര്‍ത്ഥത്തില്‍ ഉള്‍കൊള്ളാന്‍ കഴിയാത്തവരെയാണ് ഖദ്’രിയാക്കള്‍ എന്ന് പറയുന്നത്.പ്രവാചക ശിഷ്യന്മാരില്‍ ചിലരുടെ കാലത്ത് തന്നെ ഖദറിനെ/വിധിയെ നിഷേധിക്കുന്നവര്‍ ഇസ്ലാമിന്റെ ദാര്‍ശനിക രംഗത്ത് പ്രവേശിക്കാന്‍ തുടങ്ങിയിരുന്നു.നബിവചനം ഉദ്ധരിച്ചുകൊണ്ട് സ്വഹാബികള്‍ അവരെ സാദ്രശ്യപ്പെടുത്തിയിരുന്നത് മജൂസികളോടായിരുന്നു.അഗ്നി ആരാധകരായ മജൂസികള്‍ നന്മക്കും തിന്മക്കും വേറെ വേറെ ദൈവങ്ങളെ സങ്കല്‍പ്പിക്കുന്നവരാണ്.

ദേവതാ ആരാധനയുടെ അടിസ്ഥാനം അഗ്നി ആരാധനയാണെങ്കില്‍ ഇന്നും ദേവതാ ആരാധന നിലനില്‍ക്കുന്ന ഹൈന്ദവ വിശ്വാസത്തിന്റെ മറ്റൊരു വേര്‍ഷനലില്‍ നിന്നായിരിക്കാം അഗ്നി ആരാധകരായ മജൂസികളുടെ വിശ്വാസത്തിന്റെ ഉത്ഭവം.ഹൈന്ദവ ദര്‍ശനത്തിലെ ദേവ-അസുര യുദ്ധവും അഗ്നി ആരാധകരായ മജൂസികളുടെ,നന്മ-തിന്മയെ പ്രതിനിധീകരിക്കുന്ന ദൈവങ്ങളുടെ(ദൈവവും,പിശാചും) സംഘട്ടനവും തമ്മിലൊരു സാമ്യം പ്രകടമാണ്.

മനുഷ്യ ജീവിതമെന്നാല്‍ നന്മയെ പ്രതിനിധീകരിക്കുന്ന ദൈവവും തിന്മയെ പ്രതിനിധീകരിക്കുന്ന പിശാചും തമ്മിലെ സംഘട്ടനമാണെന്ന സങ്കല്‍പ്പം ഇസ്ലാമിക ദര്‍ശനത്തിന് അന്യമാണ്.ഇസ്ലാമിക ദര്‍ശനത്തിന്റെ അടിസ്ഥാനമായ,ദൈവത്തിന്റെ എകത്വത്തിനും സര്‍വ്വ ശക്തന്‍ എന്ന വിശേഷണത്തിനും  മേല്‍ പറഞ്ഞ സങ്കല്‍പ്പം വൈരുദ്ധ്യം ഉണ്ടാക്കുന്നുവെന്നതാണ് മേല്‍ പറഞ്ഞ സങ്കല്‍പ്പവും ഇസ്ലാമും തമ്മിലുള്ള കടുത്ത വിരോധത്തിന് കാരണം.അതേസമയം,സെമെറ്റിക് മതങ്ങളിലോന്നായ ക്രൈസ്തവ ദര്‍ശനത്തിലും നന്മ-തിന്മ ദൈവങ്ങളുടെ സംഘട്ടനമെന്ന സങ്കല്‍പം നിലനില്‍ക്കുന്നുണ്ടെന്ന് മുമ്പൊരിക്കല്‍ വിധിവിശ്വസവുമായി ബന്ധപെട്ട ചര്‍ച്ചയില്‍ നിന്ന് ഈയുള്ളവന് ലഭിച്ച അറിവ്‌ വളരെ അവിശ്വസനീയമായി തോന്നിയിരുന്നു.

അല്ലാഹു സാത്താന് വീട് പണി ചെയ്യുകയാണെന്ന് ആരോപിക്കുകയും,എന്നാല്‍ ക്രിസ്ത്യാനികളുടെ ദൈവം ജനങ്ങളെ സാത്താനില്‍ നിന്ന് രക്ഷിച്ച് ആ ദൈവത്തിന്റെ മാര്‍ഗത്തിലേക്ക്‌ കൊണ്ട് വരാന്‍ ശ്രമിച്ച് കൊണ്ടിരിക്കുകയാണെന്നും ചര്‍ച്ചയില്‍ കാളിദാസന്‍ എന്ന നാമത്തില്‍ അറിയപ്പെടുന്ന ബ്ലോഗര്‍ വാദിച്ചിരുന്നു.ആ വാദത്തിന്റെ അടിസ്ഥാനത്തില്‍,ലോകത്തുള്ള സര്‍വ്വ ജനങ്ങളും ക്രിസ്ത്യാനിയല്ല എന്ന വസ്തുത ഓര്‍ക്കുമ്പോള്‍  പ്രസ്തുത ദൈവത്തിന്റെ മേല്‍ പറഞ്ഞ ശ്രമം പൂര്‍ണ്ണമായും വിജയിചിട്ടില്ലെന്നും ആ ദൈവം തന്റെ ശ്രമം ഇപ്പോഴും തുടര്‍ന്ന് കൊണ്ടിരിക്കുകയാണെന്നും മനസ്സിലാവുന്നു.അങ്ങനെ മനസ്സിലാക്കുന്നവര്‍ക്ക് മേല്‍ പറഞ്ഞ ശ്രമം നടത്തി കൊണ്ടിരിരിക്കുന്ന ആ ദൈവം സര്‍വ്വ ശക്തനല്ലേയെന്ന സംശയം സ്വാഭാവികമായും ഉണ്ടാകും.കാരണം സര്‍വ്വ ശക്തന്‍ ശ്രമം നടത്തുകയെന്നു പറയുന്നത് യുക്തിക്ക് നിരക്കുന്നത്‌ അല്ലല്ലോ.അങ്ങനെ ആ സംശയം ക്ലിയര്‍ ചെയ്യാന്‍ വേണ്ടി കാളിദാസനോട് ചോദിച്ചുവെങ്കിലും എനിക്കതിന് മറുപടി ലഭിച്ചിരുന്നില്ല.

മാത്രമല്ല,ദൈവവും സാത്താനും സ്വതന്ത്രവും സമാന്തരവുമായ രണ്ട് തുല്യ ശക്തികളാണെന്നും ആ രണ്ട് ശക്തികള്‍ തമ്മിലുള്ള സംഘട്ടനമാണ് മനുഷ്യജീവിതമെന്നുമുള്ള സങ്കല്‍പ്പം ബ്ലോഗിലെ മറ്റ് ക്രിസ്തുമത പ്രചാരകര്‍  തിരുത്താതില്‍ നിന്നും അവയെല്ലാം ക്രൈസ്തവ ദര്‍ശനത്തിന്റെ ഭാഗം തന്നെയാണെന്ന് അനുമാനിക്കുന്നതില്‍ കുഴപ്പമില്ലെന്ന് തോന്നുന്നു.

ഇനീ ഞാനുദ്ദേശിച്ചിടത്തെക്ക് വരാം, ഇസ്ലാമിക ദര്‍ശനത്തിനെതിരെ ഉന്നയിക്കപെട്ടതും,എന്നാല്‍ ഇസ്ലാമിക ദര്‍ശനത്തിന് ബാധകമല്ലാത്തതുമായ…… “സര്‍വ്വശക്തനായ ദൈവത്തിനു പിശാചിനെ പൂര്‍ണമായും നശിപ്പിക്കാനോ നിയന്ത്രിക്കാനോ കഴിവില്ല എന്നു വരുന്നതും മറ്റൊരു വൈരുദ്ധ്യത്തിലേക്കു നയിക്കുമെന്ന”….നാസ്ഥികനായ ജബ്ബാര്‍ മാഷിന്റെ പ്രസ്താവനയോട് പ്രതികരിക്കേണ്ടത് ഇസ്ലാം പ്രചാരകരല്ല,ക്രിസ്തുമത പ്രചാരകരാണ്.കാരണം,ദൈവവും സാത്താനും സ്വതന്ത്രവും സമാന്തരവുമായ രണ്ട് തുല്യാ ശക്തികളാണെന്ന വിശ്വാസം സുന്നികളിലെ വിവിധവിഭാഗങ്ങളിലോ ഷിയാക്കളിലോ ഇല്ലായെന്ന് ഉറപ്പിച്ച് തന്നെ പറയാം.(വിധിവിശ്വാസത്തെ കുറിച്ച് ഇസ്ലാം മതത്തിലുള്ള വിവിധ വീക്ഷണങ്ങളെ പിന്നീട് വിശകലനം ചെയ്യുന്നതാണ്.)മേല്‍ പറഞ്ഞതില്‍, ഇസ്ലാമിന്റെ വിരോധികള്‍ ഇസ്ലാമില്‍ ഇല്ലാത്ത തത്വങ്ങള്‍ ഇസ്ലാമില്‍ സ്വയം ഉണ്ടാക്കി ആ തത്വങ്ങള്‍ക്കെതിരെ അവര്‍ തന്നെ മറുവാദം ഉന്നയിക്കുകയാണ് ചെയ്യുന്നത്.അത് ഒരു പക്ഷെ അവരുടെ ഇസ്ലാമോഫോബിയ നിലനിര്‍ത്തേണ്ടതിന്റെ ഭാഗമായിരിക്കാം.

ദൈവവും സാത്താനും തമ്മിലുള്ള സംഘട്ടനമാണ്‌ മനുഷ്യ ജീവിതമെന്ന സങ്കല്‍പ്പത്തിന് സമാനമായി യഥാര്‍ത്ഥമായ മറ്റൊരു തത്വമാണ് ഇസ്ലാമില്‍ ദര്‍ശിക്കാന്‍ കഴിയുക.ദൈവം മണ്ണില്‍ നിന്ന് സൃഷ്ടിച്ച് ദൈവത്തിന്റെ റൂഹ് ഊതിയ മനുഷ്യനും അഗ്നിയില്‍ നിന്ന് ദൈവം തന്നെ സൃഷ്ടിച്ച ജിന്ന് വര്‍ഗത്തില്‍പ്പെട്ട സാത്താനും തമ്മിലുള്ള സംഘര്‍ഷമാണ് മനുഷ്യജീവിതമെന്ന മനോഹരവും യുക്തിഭദ്രവുമായ തത്വമാണ് ഇസ്ലാമില്‍ ഉള്ളത്.

ആദ്യ മനുഷ്യനായ ആദമിനെ സൃഷ്ടിക്കുകയും അല്ലാഹുവിന്റെ റൂഹ് ഊതുന്നതോട് കൂടി ആദം ഭൂമിയിലെ ഖലീഫയാവുകയും,ആ ഭൂമിയിലെ ഖലീഫയെ പ്രണമിക്കാന്‍ മലക്കുകളോടും ഇബ്ലീസിനോടും(സാത്താന്‍) അല്ലാഹു കല്പ്പിച്ചപ്പോള്‍ സാത്താന്‍ മാത്രം അഹങ്കാരത്താല്‍ വിസമ്മതിക്കുകയും അതിന്റെയൊക്കെ അനന്തര ഫലമായി ജിന്ന് വര്‍ഗത്തില്‍ പെട്ട സാത്താനും മനുഷ്യ വര്‍ഗ്ഗവും തമ്മിലുള്ള സംഘര്‍ഷം ആരംഭിക്കുകയും ചെയ്തു.മണ്ണില്‍ നിന്ന് സൃഷ്ടിക്കപെട്ട മനുഷ്യവര്‍ഗവും അഗ്നിയില്‍ നിന്ന് സൃഷ്ടിക്കപെട്ട ജിന്ന് വര്‍ഗത്തില്‍ പെട്ട സാത്താനും തമ്മില്‍ പ്രകൃതിപരമായി വ്യാത്യസമുണ്ടെങ്കിലും സാത്താനോ ജിന്ന് വര്‍ഗത്തിനോ മനുഷ്യനേക്കാളും ഉയര്‍ന്ന സ്ഥാനമോ കൂടുതല്‍ കഴിവുകളോ അല്ലാഹു നല്‍കിയിട്ടില്ല.

മനുഷ്യനെ ഗുപ്തമായി സ്വാധീനിക്കാനും അവന്റെ കര്‍മ്മങ്ങളെ പിഴപ്പിച്ച് ദോഷകരമായ ദൈവവിധിക്ക്‌ വിധേയമാക്കാന്‍…മനുഷ്യ വര്‍ഗത്തിന്റെയും ജിന്ന് വര്‍ഗത്തിന്റെയും പ്രകൃതിയിലുള്ള വ്യാത്യാസം കാരണം ജിന്ന് വര്‍ഗത്തില്‍ പെട്ട സാത്താന് കഴിവും ശക്തിയുമുണ്ടെങ്കിലും അവയ്ക്കെതിരെ,അഗ്നിയെ അണക്കുന്ന മണ്ണിനെ പോലെ പ്രതിരോധിക്കാനുള്ള ശക്തിയും കഴിവും മനുഷ്യനുമുണ്ട്.അതേസമയം ,മലക്കുകളെക്കാളും ഉയരുവാനും മാത്രമല്ല മൃഗങ്ങളെക്കാളും അധപതിക്കാനും സാധ്യതയുള്ള പ്രകൃതിയാണ് മനുഷ്യനെന്നും ഓര്‍ക്കേണ്ടതാണ്.അക്കാരണത്താല്‍,ദൈവ വിധിയുടെ കാരണ ഘടകങ്ങളായ മനുഷ്യകര്‍മ്മങ്ങളെ പിഴപ്പിച്ചു ഇഹത്തിലും പരത്തിലും ദോഷകരമായ ദൈവ വിധികള്‍ നേടിതരാന്‍ സാത്താന്‍ കിണഞ്ഞു ശ്രമിക്കുമെന്ന വസ്തുത, വിധിവിശ്വാസം വിശകലനം ചെയ്യുമ്പോള്‍ ഓര്‍ക്കേണ്ടത് അനിവാര്യാമാണ്.

ഈ പോസ്റ്റിന്റെ തുടര്‍ച്ചയായ അടുത്ത പോസ്റ്റില്‍,ഇസ്ലാമിക പ്രമാണങ്ങളായ വിശുദ്ധ ഖുര്‍ആനും നബിവചനങ്ങളുടെയും അടിസ്ഥാനത്തില്‍ വിധിവിശ്വാസം പരിശോധിക്കുന്നതാണ്.